ബാർക്കൂർ

preeth nambiar malayalam article on Barkur, Karnataka

“ബാർക്കൂർ…ബാർക്കൂർ…”

കണ്ടക്ടറുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോൾ പാതി മയക്കത്തിലായിരുന്ന മുത്തശ്ശി ഞെട്ടി എഴുന്നേറ്റ് കാലുകളോട് ചേർത്തു വച്ചിരുന്ന പ്ലാസ്റ്റിക്കിന്റെ സാമാന്യം വലിപ്പമുള്ള ബാഗ് പരതിത്തുടങ്ങി. കുനിഞ്ഞു നിന്ന് ആ ബാഗെടുത്ത് കൊടുത്ത് ആ കൈയിൽ മുറുകെപിടിച്ചപ്പോഴേക്കും ബസ്, ഷെൽട്ടറിനോട് ചേർന്ന് നിർത്തിയിരുന്നു. അവിടെ നിന്നാൽ കാണാം ഇത്തിരി ദൂരെ പ്രൗഢ ഗംഭീരമായ ഒരു വീട്, ഒരുപക്ഷെ ബാല്യമാകെ നിറഞ്ഞു നിൽക്കുന്ന ഒരിടം!

ഗേറ്റ് കടന്ന് അകത്തെത്തി കോളിംഗ് ബെൽ അമർത്തിയപ്പോഴേക്കും ഒരുകൂട്ടം നാടൻ നായ്ക്കൾ കുരച്ചുകൊണ്ട് ചുറ്റും കൂടി. മുത്തശ്ശിയെ പരിചയമുണ്ടായിട്ടോ, ഒരു എട്ടുവയസ്സുകാരന്റെ നിസ്സഹായാവസ്ഥ കണ്ടിട്ടോ എന്നറിയില്ല, അവ കൂടുതൽ ഉപദ്രവിക്കാൻ നിന്നില്ല. അപ്പോഴേക്കും അകത്തു നിന്ന് വിടർന്ന കണ്ണുകളോടെ ഓരോരുത്തരായി വന്ന് മുത്തശ്ശിയെ തൊട്ടും തലോടിയും അകത്തേക്ക് ആനയിച്ചു. എന്നത്തേയും പോലെ, ആ സാരിത്തുമ്പിൽ തൂങ്ങി ഞാനും അകത്തേക്ക് പ്രവേശിച്ചു.

ആ നായ്ക്കൾ വടക്കേ അച്ഛന്റെ (മുത്തശ്ശനെ അങ്ങനെയാണ് വിളിക്കാറ്, എല്ലാവരും) കാലം മുതൽക്കേ ഉള്ളവരുടെ പുതു തലമുറയായിരുന്നത്ര. ഈ നായ്ക്കളെയും പക്ഷികളെയും ഒക്കെ ഊട്ടിയതിന് ശേഷം മാത്രമാണ് അദ്ദേഹം സ്വയം ഭക്ഷണം കഴിക്കുകയെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, . ജീവിതത്തിൽ പട്ടിണി അനുഭവിച്ച ഒരാൾക്കും മറ്റൊരു ജീവൻ വിശന്നിരിക്കുന്നത് കാണാൻ സാധിക്കില്ല എന്നാണ് അറിവ്. യൗവനകാലത്തെപ്പോഴോ പയ്യന്നൂരിലെ വീടുവിട്ടിറങ്ങിയ അദ്ദേഹവും ഒത്തിരി വിശപ്പ് സഹിച്ചിരിക്കണം. സംസ്കൃതവും വൈദ്യവും ജ്യോതിഷവും മാത്രം കൈമുതലായി നടന്നുവന്ന അദ്ദേഹം അന്ന് മുതൽ കെട്ടിപ്പടുത്തിയ സാമ്രാജ്യം ഒടുവിൽ ബാർക്കൂർ എന്ന പുരാതന ഗ്രാമവും കടന്ന് വ്യാപിച്ചു. ഇന്ന് ഒരുപക്ഷെ ഉത്തര കർണാടകയിൽ എവിടെ ചെന്നാലും ബന്ധുജനങ്ങളുണ്ട്, ഒരുപക്ഷെ അദ്ദേഹത്തിനോളം സ്നേഹ വാത്സല്യങ്ങളുമായി മാറോട് ചേർക്കുന്ന കുറേപ്പേരും.

കഥകളേറെപ്പറയുവാനുണ്ട്. കുപ്പാടക്കത്ത് തെക്കേ നമ്പ്യത്ത് രാമൻ നമ്പ്യാർ എന്ന വ്യക്തി ബാർക്കൂർ പണ്ഡിറ്റെന്ന നാമധേയത്തിൽ വൈദ്യരത്നമായ കഥയ്ക്ക് ഒരുപക്ഷെ ഒരു ബൃഹത്തായ നോവലിന്റെ വലിപ്പമുണ്ടാകാം. അതുകൊണ്ട് തന്നെ വിശദമായി മറ്റൊരിക്കിലാകാം. കണ്ടതും കേട്ടതുമായ ഒരുപാട് കഥാപാത്രങ്ങളുണ്ട്, ജീവിതം എങ്ങനെയാകണം എന്നും എങ്ങനെയാകരുതെന്നും ഒരുപക്ഷെ ആ വ്യക്തിത്വം കൊണ്ടുതന്നെ പറഞ്ഞുതരാവുന്ന ഏതാനും വ്യക്തികൾ. ആയുസ്സ് അനുവദിക്കുമെങ്കിൽ എഴുതണം, മാതൃഭാഷയിലുള്ള എഴുത്തിൽ അത്രയേറെ പ്രാവീണ്യം ഇല്ലെങ്കിലും അതിൽ തന്നെ. ഇംഗ്ലീഷ് പോലെ വ്യത്യസ്തമായ സംസ്കാരത്തിൽ പ്രചരിച്ച ഒരു ഭാഷയിൽ ഒരുപക്ഷെ ഈ നാടിന്റെ ചിന്തകൾ അത്രയും തന്മയത്വത്തോടെ തന്നെ അവതരിപ്പിക്കാൻ സാധിക്കുമോ എന്ന സംശയവുമുണ്ട്.

ഉത്തര കർണാടകയിലെ ആ ചെറുഗ്രാമത്തിലെത്തിയ മുത്തശ്ശൻ കാൽനടയായി വന്യമൃഗങ്ങൾ നിറഞ്ഞ ആഗുംബെ മഴക്കാടുകളിൽ ചെന്ന് ഔഷധച്ചേരുവകൾ ശേഖരിച്ച് അമൂല്യമായ മരുന്ന് കൂട്ടുകൾ തയ്യാറാക്കിയിരുന്നു. വിദൂര ദേശങ്ങളിൽ നിന്ന് പോലും ജനങ്ങൾ പതിയെ ബാർക്കൂർ എന്ന ഗ്രാമത്തെത്തേടി വരാൻ ആരംഭിച്ചു. സാങ്കേതികമായ പരീക്ഷണ സംവിധാനങ്ങളില്ലാതിരുന്ന കാലത്ത് നാഡി പിടിച്ചായിരുന്നു രോഗനിർണയം. കാൽനടയായും മറ്റും ദൂരെദിക്കുകളിൽ നിന്നും എത്തിയിരുന്ന രോഗികൾ പുലർകാലത്ത് അച്ഛൻ ഉണർന്നെഴുന്നേറ്റ് പൂജാദികൾക്ക് ശേഷം ആ വലിയ ഹാളിലേക്ക് വരുന്നതും കാത്തിരുന്നത്രെ. ഒടുവിൽ ദൂരെ നിന്ന് ആ രോഗി തന്റെയടുത്ത് നടന്നെത്തുമ്പോഴേക്കും രോഗനിർണയമൊക്കെ നടത്തിക്കാണും. ഒരു പരിധി വരെ നാഡീ പരിശോധന വരെ ഒരുതരം ഉറപ്പിക്കൽ മാത്രമായിരുന്നെന്നു വേണം പറയാൻ.

നമുക്ക് മുൻപേ നടന്നവരുടെ അത്തരത്തിലുള്ള സവിശേഷതകൾ ഇന്നും അത്ഭുതപ്പെടുത്തുന്നുണ്ട്. അറിവുകൾ കൊണ്ട് നമ്മളെ ബന്ധനസ്ഥരാക്കുന്നതിൽക്കവിഞ്ഞു അതിരുകളില്ലാത്ത ഒരു ലോകത്തേക്ക് നമ്മെ സ്വതന്ത്ര്യരാക്കുന്നതായിരുന്നിരിക്കണം അന്നത്തെ വിദ്യാഭ്യാസം. പക്ഷെ ഏറ്റവും സൂക്ഷ്മമായത് പോലും ഗോചരമാക്കുന്ന ഒരപൂർവ സിദ്ധിയായിരുന്നു ആ വിദ്യാഭ്യാസത്തിന്റെ പരിണാമം. മുത്തശ്ശന്റെ ജീവിതം അതിനൊരുദാഹരണമായിരുന്നു. ശാക്തേയ സമ്പ്രദായത്തിലെ പൂജാദികളും ധ്യാനവുമൊക്കെ ആ സിദ്ധിയുടെ തീവ്രത വർദ്ധിപ്പിച്ചിരുന്നതായും അറിയാം. ചെറുപ്രായത്തിൽ ഞാൻ കണ്ടിട്ടുണ്ട് എന്ന അറിവില്ലാതെ അദ്ദേഹത്തിന്റെ ഓർമ്മകളൊന്നും എന്നിലില്ല. പക്ഷെ ആ വ്യക്തിപ്രഭാവം പ്രായം ചെല്ലും തോറും കൂടുതൽ അനുഭവവേദ്യമാകുന്നു.

ഏതാനും വർഷങ്ങൾ കൊണ്ട് കർണാടകയിലെത്തന്നെ ഏറ്റവും പ്രശസ്തരായ ചുരുക്കം വൈദ്യന്മാരിൽ ഒരാളായി തീർന്ന അദ്ദേഹത്തിനെത്തേടി വൈദ്യരത്നം ബഹുമതിയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളുമെത്തി. സംസ്കൃതപഠനം തന്റെ മക്കൾക്കും കൊച്ചു മക്കൾക്കും ഒക്കെ നിർബന്ധ പാഠ്യ വിഷയമാക്കിയിരുന്ന അദ്ദേഹം പലരെയും വൈദ്യവൃത്തി തന്നെ തൊഴിലായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചു, മറ്റുചിലർ അദ്ദേഹം തയ്യാറാക്കിയ ഔഷധക്കൂട്ടുകൾ വ്യാവസായികാടിസ്ഥാനത്തിൽ തന്നെ നിർമിച്ചു തുടങ്ങുകയും ചെയ്തു. ഒരുപക്ഷെ കുന്താപുരത്ത് നിന്ന് ഒരൽപം വടക്കു മാറി സ്ഥിതി ചെയ്തിരുന്ന ബാർക്കൂർ എന്ന ഗ്രാമത്തിന്റെ വികസനത്തിലും അദ്ദേഹത്തിൻറെ സാന്നിധ്യം എടുത്തു പറയുന്നുണ്ട്.

ഉത്തര കർണാടകയിൽ സ്വന്തമായി ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തുമ്പോഴും പയ്യന്നൂരിലെ തറവാട് വീട് അദ്ദേഹം മറന്നില്ല. വാഹന സൗകര്യങ്ങൾ ദുർലഭമായിരുന്നിട്ടും പലപ്പോഴും അവിടെയെത്തിയിരുന്ന മുത്തശ്ശൻ ആ വീട് മുത്തശ്ശിക്കായി നൽകിയപ്പോൾ ആ വീടിന് മറ്റൊരു പേര് കൂടി വന്നുചേർന്നിരുന്നു – മഞ്ചംപറമ്പ്. കർണാടകയിൽ നിന്ന് പയ്യന്നൂർ നഗരത്തിൽ വന്നിറങ്ങുന്ന അദ്ദേഹത്തെ മഞ്ചലിൽ ആനയിച്ചു കൊണ്ടുവരുന്ന ദൃശ്യമൊക്കെ പഴമക്കാർ പൊടിപ്പും തൊങ്ങലും ചേർത്ത് വർണിക്കുന്നത് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് യാത്രചെയ്യാനായി മഞ്ചൽ സൂക്ഷിച്ച ഇടമായതിനാലാണ് അതിന് അങ്ങനെയൊരു പേര് വന്നതെന്ന് അറിയാമെങ്കിലും അമ്പതോളം പേർക്ക് സുഖമായി താമസിക്കാൻ സാധിച്ചിരുന്ന ആ വീട്ടിൽ ഒടുവിൽ ഞാനും അമ്മയും മുത്തശ്ശിയും മാത്രം ദാരിദ്ര്യവുമായി മല്ലിടുന്ന ഓർമകളാണ് ഇന്നും എന്റെ ബാല്യകാലഓർമകളിൽ നിറഞ്ഞിരിക്കുന്നത്.

ധനം – എന്നും കുഴപ്പിക്കുന്ന പദമാണത്. ഒരിടത്തും സ്ഥായിയായി നിൽക്കില്ല എന്ന കാരണം കൊണ്ടു തന്നെ ലക്ഷ്മി ദേവിക്ക് ‘ചര’ എന്നൊരു പര്യായമുണ്ടത്രെ. ചുരുക്കം വർഷത്തെ ജീവിതം കൊണ്ട് തന്നെ അത് വളരെയധികം മനസിലാക്കിയിട്ടുണ്ട്. കണ്മുന്നിൽ ദരിദ്രരെന്ന് വിളിക്കപ്പെടുന്നവർ സമ്പന്നരാകുന്നു. നിമി നേരം കൊണ്ട് വന്മരങ്ങൾ നിലം പതിക്കുന്നു. ദാരിദ്യത്തിലും സമ്പന്നതയിലും ഒരുപോലെ ദുഃഖമുണ്ട്. ഒരുപക്ഷെ ബുദ്ധൻ പറഞ്ഞ മാധ്യമ മാർഗ്ഗം തന്നെയാണ് ശ്രേഷ്ഠമെന്ന് തോന്നുന്നു. ഗരുഡ പുരാണത്തിൽ നാരദർ പറയുന്നത് പോലെ അനായാസമായി മരിക്കാനും ദീനത കൂടാതെ ജീവിക്കുന്നതിലും കൂടുതൽ വലിയ അനുഗ്രഹമെന്താണ്? കാലിൽ സ്വർണക്കൊലുസിട്ട് പയ്യന്നൂരിലെ വീട്ടിലെത്തിയ മുത്തശ്ശി ഒടുവിൽ താലിച്ചരട് പോലും ഉപേക്ഷിക്കേണ്ട ദയനീയാവസ്ഥയിലേക്കായിരുന്നു കാര്യങ്ങൾ നീങ്ങിയത്. അതിനൊക്കെ പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു താനും.

പ്രഭാത ഭക്ഷണം ഞങ്ങൾക്ക് പലപ്പോഴും അന്യമായിരുന്നു. ഉച്ചനേരങ്ങളിൽ അടുക്കള വാതിലിൽക്കൽ നിന്ന് പറമ്പിലേക്ക് കണ്ണോടിച്ചിരുന്ന മുത്തശ്ശി പെട്ടെന്നെന്തോ കണ്ടു പിടിച്ചെന്ന പോലെ പോയി തിരിച്ചു വരുമ്പോൾ എന്തെങ്കിലുമൊക്കെ കാണും – അത് ചിലപ്പോൾ എന്തെങ്കിലും ഇലകളായിരിക്കാം ഫലങ്ങളായിരിക്കാം. വടക്കിനിയിൽ സുലഭമായ പുളിയും പിഴിഞ്ഞ് ഒരിത്തിരി മുളകും അരച്ചു ചേർത്താൽ അതൊരു സ്വാദിഷ്ടമായ ഒരു വിഭവമായി. സ്‌കൂളിൽ പോയിത്തുടങ്ങിയതോടെ പഠനത്തേക്കാളേറെ ഉച്ചഭക്ഷണത്തിന് കിട്ടുന്ന കഞ്ഞിയും ചെറുപയറും മാത്രമാകും ചിന്ത. ഒടുവിൽ തിളയ്ക്കുന്ന ചൂടുള്ള കഞ്ഞി എങ്ങനെയൊക്കെയോ കോരിക്കുടിച്ചു ചെറുപയർ കറി തീരുന്നതിനു ഒരിത്തിരി കൂടി വാങ്ങാൻ നിരയായി നിൽക്കുമ്പോൾ പലപ്പോഴും അവശേഷിക്കുന്ന അഭിമാനത്തെ അപ്പാടെ തകർക്കുന്ന വാക്കുകൾ കേൾക്കാം. ഒന്നും കേട്ടില്ലാന്ന് വരുത്തി പാത്രത്തിൽ കറിയുമായി മെല്ലെ സ്‌കൂളിന് പിറകിലെത്തിയാൽ പിന്നെ ഊടു വഴിയിലൂടെ ഒരോട്ടമാണ്, ആരും കാണാതെ ആ കറി മുത്തശ്ശിക്ക് എത്തിക്കാൻ. ഒട്ടിയ ആ വയർ നിറഞ്ഞു കാണാൻ അത്രയ്ക്കുണ്ടായിരുന്നു ആഗ്രഹം.

വൈകുന്നേരങ്ങളിൽ കുഴമ്പിന്റെ മണമുള്ള ആ മടിത്തട്ടിൽ ദ്രവിക്കാറായ കഴുപ്പലകൾ നോക്കിക്കിടക്കുമ്പോൾ പറഞ്ഞു തന്ന അനേകായിരം കഥകളിൽ പലപ്പോഴും പ്രമാണിയായ, സാത്വികനായ ആ മുത്തശ്ശനെക്കുറിച്ചുള്ള ഓർമ്മകൾ പലപ്പോഴും കടന്നു വന്നു. പക്ഷെ സ്വന്തം വീട്ടിലെ ഇല്ലായ്മകൾ അത്ര എളുപ്പത്തിൽ മറ്റുള്ളവർക്ക് മനസിലാക്കാൻ മുത്തശ്ശി അനുവദിച്ചിരുന്നില്ല. അത് ബാർക്കൂറിലെ ആ തറവാട് വീട്ടിലെത്തുമ്പോഴും അങ്ങനെത്തന്നെയായിരുന്നു. പരിസരത്തുള്ള വീടുകളിൽ നിന്ന് മുത്തശ്ശിയുടെ അനുജന്മാർ വരുന്നത് കാണാം. പരസ്പരം തഴുകിയും തലോടിയും കരഞ്ഞും മുതിർന്ന് ജരാനരകൾ ബാധിച്ചു തുടങ്ങിയിരുന്നെങ്കിലും ജ്യേഷ്ഠത്തിയുടെ മടിയിൽ കിടന്നും ആ ലാളന ഏറ്റു വാങ്ങിയും അവർ മടങ്ങി. മുത്തശ്ശിയോടുള്ള സ്നേഹത്തിന്റെ വലിയൊരു പങ്ക് എനിക്കും ലഭിച്ചിരുന്നു – കാരണം മുത്തശ്ശിയുടെ വാലിൽ തൂങ്ങി എന്നും ഞാനുമുണ്ടായിരുന്നു.

പക്ഷെ വിഭവ സമൃദ്ധമായ അവിടുത്തെ ഭക്ഷണവും പതുപതുത്ത മെത്തയും വാത്സല്യത്തോടെ നെഞ്ചോട് ചേർത്തു നിർത്തുന്ന വല്യമ്മമാരും വലിയച്ഛൻമാരും ഇളയച്ഛന്മാരും എല്ലാറ്റിലുമുപരി മുത്തശ്ശന്റെ ആ വിശിഷ്ടമായ ഓർമകളും ബാർക്കൂർ എന്ന ഗ്രാമത്തെ ഇന്നും ഹൃദയത്തോട് ചേർത്തു നിർത്തുന്നു. ഒപ്പം ആയുർവേദവും ഒരിക്കലും നഷ്ടപ്പെടുത്താനാകാത്ത പാരമ്പര്യമായി എന്റെ കോശങ്ങളിലും അലിഞ്ഞു ചേരുകയായിരുന്നു. ഇന്നും ഉള്ളിലുള്ള മോഹം ഇതാണ് – സഹ്യാദ്രി പർവതനിരകളുടെ താഴ്‌വാരത്തിൽ എവിടെയെങ്കിലും ഒരിത്തിരി മണ്ണ്, ആ തണുത്ത കാറ്റേറ്റ് കിടക്കാൻ ഒരു ചെറിയ വീട്.


“കുട്ടൻ വലുതായിപ്പോയല്ലോ” മുത്തശ്ശിയുടെ സാരിത്തുമ്പ് മുഖത്ത് പൊത്തി നിന്നിരുന്ന എന്റെ കൈ പിടിച്ചു വലിച്ച് അശോകൻ ഇളയച്ഛൻ മെല്ലെ ചെമ്പിച്ച മുടിയിഴകൾ തഴുകി. വാ മോനെ എന്ന വാക്കുകളോടെ വലിയമ്മ എന്നെ അടുക്കളയിലേക്ക് ക്ഷണിച്ചു. തീൻ മേശയിൽ നിരത്തിയിരുന്ന വിഭവങ്ങളിൽ ഏതെടുക്കണം എന്ന സംശയത്തോടെ നിന്നപ്പോൾ ഒക്കെ കഴിക്കണം എന്ന് കർക്കശമായി പറഞ്ഞു കൊണ്ട് വലിയച്ഛൻ. കഴിച്ചോട്ടെ എന്ന ചോദ്യത്തോടെ മൗനമായി മുത്തശ്ശിയെ നോക്കിയപ്പോൾ ആ കണ്ണുകൾ കൊണ്ട് അനുവാദം. വയറു നിറയെ ഭക്ഷണം കഴിച്ച് കൈ കഴുകാനായി മുറ്റത്തേക്ക് നടന്നപ്പോൾ കണ്ണു നിറഞ്ഞിരുന്നു, ഒരുപക്ഷെ കഴിച്ച ഭക്ഷണത്തിലെ എരിവാകാം, അതുമല്ലെങ്കിൽ സഹിച്ച വിശപ്പിനെ ഓർമകളാവാം.

ഏതാനും ദിവസത്തെ താമസത്തിന് ശേഷം മുത്തശ്ശിക്കായി സാധനങ്ങളൊക്കെ കാർഡ് ബോർഡ് ബോക്സിലും മറ്റുമായി തയ്യാറാക്കി ബസ് സ്റ്റോപ്പിൽ കൊണ്ട് ചെന്നു വച്ചതിന് ശേഷം അശോകൻ ഇളയച്ഛൻ ഒരു പ്ലാസ്റ്റിക് കവർ എന്റെ കൈയിൽ തന്നു, ഒപ്പം ഏതാനും നോട്ടുകൾ ചുരുട്ടി പോക്കറ്റിൽ നിക്ഷേപിക്കുകയും. ദൂരെ നിന്ന് ബസിന്റെ ശബ്ദം കേട്ടപ്പോൾ എന്തോ ഉള്ളിലൊരു നടുക്കം തോന്നി. ഏതാനും മണിക്കൂറുകളുടെ ബസ് യാത്രയുടെ ചിന്തയാണോ അതല്ല യാത്രയ്‌ക്കൊടുവിൽ എന്നെ കാത്തിരിക്കുന്ന ആ വീടാണോ എന്നറിയില്ല, പക്ഷെ ഒരു നഷ്ടബോധം എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. കുടുംബത്തിലെ മറ്റ് കുട്ടികളൊക്കെ നല്ല ഭക്ഷണം, പുതുമോടിയുള്ള വസ്ത്രങ്ങൾ എന്നിവയൊക്കെയായി അവരുടെ ബാല്യം ചിലവഴിക്കുമ്പോൾ ഏതോ ഒരു ഗ്രാമത്തിൽ ഇല്ലായ്മകളുമായി മല്ലിടാനാണ് എന്റെ യോഗം എന്ന ചിന്ത ബാല്യം മുഴുവൻ അലട്ടുന്നുമുണ്ടായിരുന്നു. പക്ഷെ എല്ലാറ്റിനും അതിന്റേതായ മനോഹരമായ കാരണങ്ങളുണ്ടായിരുന്നുവെന്ന് തിരിച്ചറിയുന്നത് പിന്നീടാണല്ലോ!

“മുത്തശ്ശീ, ഞാനാ കവറൊന്നു തുറന്നു നോക്കട്ടെ?” – കൈയിലുള്ള പ്ലാസ്റ്റിക് കവറിനകത്ത് എന്താണെന്നറിയാനുള്ള ആകാംക്ഷ സഹിക്കവയ്യാതായപ്പോൾ ഞാൻ ചോദിച്ചു. മൗനാനുവാദം ലഭിച്ചതോടെ അത് തുറന്നു നോക്കിയപ്പോൾ അതിൽ ഒരു ഷർട്ടും പാന്റ്സും തയ്ക്കാനുള്ള തുണി, ഒപ്പം ബാറ്റയെന്നെഴുതിയ ഒരു ചെരുപ്പും.

“മുത്തശ്ശീ, ദേ ചെരുപ്പ്” – വിടർന്ന കണ്ണുകളോടെ ഞാനത് പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറയുന്നത് കണ്ടു. ഏറെ നാളുകളായുള്ള ആഗ്രഹമാണ് ഒരു ചെരുപ്പ്. ബാർക്കൂറിലെ വീട്ടിൽ നിന്ന് സമീപത്തുള്ള ബന്ധു വീടുകളിലേക്ക് പുറപ്പെടുമ്പോൾ ചെരുപ്പില്ലാതെയാണ് നടക്കുന്നതെന്ന് ഇളയച്ഛൻ ശ്രദ്ധിച്ചു കാണണം.

ഇനിയിപ്പോ സ്‌കൂളിൽ പോകുമ്പോൾ ഇതൊക്കെയിട്ട് വേണം പോകാൻ. ജൂണിൽ സ്‌കൂൾ തുറക്കാൻ ഇനിയുമുണ്ട് ഏതാനും നാളുകൾ. പക്ഷെ കാത്തിരിപ്പിന്റെ ആ നാളുകൾ മനോഹരമായിരുന്നു, എല്ലാറ്റിലുമുപരി ആ യാത്രയുടെ ഓർമ, കഴിച്ച മധുരപലഹാരങ്ങളുടെ രുചി, എല്ലാറ്റിലുമുപരി അനുഭവിച്ച വാത്സല്യം അതൊക്കെ വെറുമൊരു അവധിക്കാലത്തേക്ക് മാത്രമല്ല, ഒരു ജീവിത കാലത്തേക്ക് മതിയായിരുന്നു.

സീറ്റിലിരുന്ന് മുത്തശ്ശിയുടെ മടിയിൽ അങ്ങനെ കിടന്നപ്പോൾ, ആ വിരലുകൾ എന്റെ മുടിയിഴകളെ തഴുകിയപ്പോൾ, അറിയാതെ കണ്ണുകൾ കൂമ്പിയടഞ്ഞു. ഇടയ്ക്കെപ്പോഴോ വിരലുകളുടെ ആ ചലനം നിലച്ചതറിഞ്ഞു മുത്തശ്ശിയെ നോക്കിയപ്പോൾ ആ കവിളുകളിലൂടെ അശ്രുധാര ഇടമുറിയാതെ ഒഴുകുന്നുണ്ടായിരുന്നു. ആ കണ്ണുനീരിന്റെ കാരണം അന്നെനിക്ക് അറിയില്ലായിരുന്നുവെങ്കിലും, കാലങ്ങൾക്കിപ്പുറം ബാല്യത്തിന്റെ ആ നിറം മങ്ങിയ ദൃശ്യങ്ങളിൽ ഒരു ജീവിതത്തിന്റെയാകെ വ്യഥ ഇന്നെനിക്കറിയാം.

പയ്യന്നൂരിലെ ഇല്ലായ്മയുടെ ആ ബാല്യമാണ് ഒരുപക്ഷെ ജീവിതത്തെ ഇന്ന് ഏറ്റവും സമ്പന്നമാക്കുന്നത്. വിസ്താരമേറിയ ആ പറമ്പിലെ ഗോമാവുകളുടെ ഭൂമിയോട് ചേർന്ന് പടർന്നു കിടന്നിരുന്ന ശിഖരങ്ങളിൽ ചാഞ്ഞു കിടന്നാണ് ഞാൻ ആദ്യമായി ആകാശത്തെ കണ്ടത്. തെളിഞ്ഞ ആകാശത്തിൽ പറന്നകലുന്ന സൂര്യന്റെ സഹയാത്രികരായ ആ പറവകളെയും. ലോകത്തിന്റെ കാപട്യം മനസ്സിനെ വല്ലാതെ തളർത്തുമ്പോൾ ഇന്നും എന്റെ അഭയം ആ പുരാതനമായ ആ വീടാണ്. ആകാശം ഇരുണ്ടു മേഘാവൃതമാകുമ്പോൾ ഇന്നും തേടുന്നത് കുഴമ്പിന്റെ ഗന്ധമുള്ള മുത്തശ്ശിയുടെ ഉടുമുണ്ടാണ്. ആ മടിയിൽ തലചായ്ച്ച് അങ്ങനെ കിടക്കുമ്പോൾ ആകാശത്ത് നിന്ന് തോരാത്ത മഴ മേൽക്കൂരയിൽ നിന്ന് മണ്ണിലേക്ക് പതിക്കുന്നത് കാണാം, ഒപ്പം ഈ കവിളുകളിലും അറിയാം ഉള്ളിലെ മഴയുടെ ചെറു ചൂടുള്ള നീർച്ചാലുകളും.

ഇവിടെ മഴ പെയ്യുകയാണ് മുത്തശ്ശീ.. എല്ലാവരും ഭാഗിച്ചെടുത്ത് തറക്കല്ലുകൾ പോലും അവശേഷിപ്പിക്കാതെ പോയ പുരാതനമായ ആ ഗൃഹത്തിൽ നിന്ന് ഏറെ അകലെ മറ്റൊരു വാടക വീട്ടിൽ ഇടിമിന്നലുകൾ നോക്കിയിരിക്കെ നിന്റെ ഓർമ്മകൾ വീണ്ടും എന്നെ തഴുകുന്നു. മഴയുടെ ശബ്ദം കേട്ട് ഇങ്ങനെ കിടക്കുമ്പോൾ നിന്റെ വിരലുകൾക്കായി ഞാൻ കൊതിക്കുന്നു. നീയില്ലാതെ ഈ ഭൂമിയിൽ ഇനി എത്ര കാലമെന്നറിയില്ല! ഒരുപക്ഷെ മരണം പോലും ഈയുള്ളവന് സുന്ദരമായ ഒരു അനുഭവമാകാം, കാരണം അത് നിന്നിലേക്കുള്ള തിരിച്ചു വരവാണ്.

(ഒരു നാടോടിയുടെ ഡയറിക്കുറിപ്പുകൾ)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: