അനന്തതയിലേക്കുള്ള പ്രയാണം

​​​​”എന്നാണ് ഞാൻ ജനിച്ചതെന്നറിയില്ല! കുഞ്ഞു കണങ്ങളായി ചിതറിത്തെറിച്ച് നിഗൂഡമായ പ്രപഞ്ചത്തിൽ അലഞ്ഞതോർക്കുന്നു, ചുറ്റും പ്രകാശത്തിന്റെ നിരവധി കോടി സ്ഫുലിംഗങ്ങൾ! എവിടെയോ ഉജ്ജ്വലമായി പ്രകാശിക്കുന്ന ഒരു ഒരു നക്ഷത്രം എന്നെ നോക്കി പുഞ്ചിരിക്കുന്നു, കൈകൾ നീട്ടി എന്നെ ആലിംഗനം ചെയ്യാനൊരുങ്ങുന്നു. ആ വെളിച്ചത്തിൽ ഞാൻ അലിഞ്ഞു ചേർന്നതേ എനിക്കോർമയുള്ളൂ.

ഞാനിതെവിടെയാണ്‌? എന്റെ ചുറ്റിലും പച്ചപ്പ്‌ തിളിക്കുന്നത് ഞാനറിയുന്നുണ്ട്, എവിടെ നിന്നോ കിളികളുടെ സ്വർഗീയമായ നാദം എനിക്ക് കേൾക്കാം. തണുപ്പായി എന്റെ ശരീരത്തിൽ സ്പർശിക്കുന്ന ഇളം കാറ്റിനെയറിയാം. ആകാശങ്ങളിൽ നിന്ന് കൊരിച്ചൊരിയുന്ന മഴയ്ക്ക് കീഴെ നിൽക്കുന്പോൾ അന്നാദ്യമായി ഞാനാശിച്ചു –

എനിക്ക് ഒരു ശരീരം വേണം എന്നെ ഞാനെന്ന് വിളിക്കാൻ ഒരു ശരീരം!”

പ്രീത് നന്പ്യാരുടെ ‘അനന്തതയിലേക്കുള്ള പ്രയാണം’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിലെ ആദ്യ കവിത തുടങ്ങുന്നതിങ്ങനെയാണ്. പത്തു ഭാഗങ്ങളുള്ള കവിതയിലെ ഓരോ ഭാഗവും കവിയുടെ ഓരോ ജന്മങ്ങളുടെയും കഥ പറയുന്നു. ചെടികളായും, പക്ഷികളായും, നാസ്തികനായും സൂഫിയായും കവിയുടെ രൂപാന്തരണങ്ങൾ വായിക്കുന്പോൾ, സമാഹാരത്തെക്കുറിച്ചുള്ള ഇംഗ്ലണ്ടിലെ പ്രശസ്ത കവിയും നിരൂപകനുമായ ഡോ. അലൻ ജേക്കബ് അഭിപ്രായപ്പെട്ടത് പോലെ അഭൗമമായ ഒരു തലത്തിലെക്കാണ് വായനക്കാർ എത്തിപ്പെടുന്നത്. ഒരുപക്ഷെ സമകാലീന കവികളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും ആഖ്യാനത്തിലെ ഈ സൗന്ദര്യവും അതിലുപരി നിഗൂഡതയുമാണ്‌.

the voyage to eternity collection of poetry by preeth nambiar, metaphysical poetry, metaphysical poetry, contemporary metaphysical poets

ആധുനിക ഇംഗ്ലീഷ് സാഹിത്യത്തിലെ കാൽപനിക, യോഗാത്മക വിഭാഗത്തിൽ ശ്രദ്ധേയനായ എഴുത്തുകാരനും, തത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമാണ് പ്രീത് നന്പ്യാർ . കേരളത്തിൽ വടക്കേ മലബാറിലെ പുരാതനമായ ഒരു കുടുംബത്തിൽ ജനിച്ച അദ്ദേഹം വളരെ ചെറു പ്രായത്തിൽ തന്നെ സാഹിത്യലോകത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലെ മുഖ്യധാരാ സന്പ്രദായങ്ങളിൽ നിന്നും മാറി കവിതകളിൽ സൗന്ദര്യത്തിന്റെയും നിഗൂഡാത്മകതയുടെയും സൂക്ഷ്മദർശനങ്ങളെ ആവാഹിച്ച അദ്ദേഹം ഗദ്യസാഹിത്യത്തിൽ പുതിയ തലമുറയ്ക്ക് ഒരു പുതിയ അനുഭവമായി കരുതപ്പെടുന്നു.

1978 ഓഗസ്റ്റ്‌ 27-ന് കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട് അജാനൂർ ഗ്രാമത്തിൽ സരസ്വതി അമ്മയുടെയും കാനാ പദ്മനാഭൻ നമ്പ്യാരുടെയും മകനായി ജനിച്ച പ്രീത് പയ്യന്നൂരിലെ വെള്ളൂർ ഗവണ്മെന്റ് ഹൈസ്കൂളിലും വെള്ളിക്കൊത്ത് മഹാകവി പി സ്മാരക ഗവണ്മെന്റ് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കാസർഗോഡ്‌ ഗവണ്മെന്റ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ പഠനം ചെയ്തു. പിന്നീട് മംഗലാപുരം സൈന്റ്റ്‌ അലോഷ്യസ് കോളേജ്, ചിക്കമഗളൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം തുടർന്നു. ശ്രിംഗേരി മഠത്തിൽ ശ്രീ ഗിരിധര ശാസ്ത്രികളുടെ ശിഷ്യനായി വേദപഠനം ചെയ്തശേഷം ഇംഗ്ലീഷ് ഭാഷാധ്യായനത്തിലെക്കു പ്രവേശിക്കുകയായിരുന്നു.

കേംബ്രിഡ്ജ് സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം തലവനായി മാലിദ്വീപിൽ സേവനം അനുഷ്ഠിച്ച പ്രീത് നമ്പ്യാർ ദൽഹി ആസ്ഥാനമായ ദ പോയെട്രി സൊസൈറ്റി ഓഫ് ഇന്ത്യ, ഗ്ലോബൽ ഫ്രറ്റെർനിറ്റി ഓഫ് പോയെറ്റ്‌സ്, എർത്ത് വിഷൻ പബ്ലിക്കേഷൻ എന്നീ സ്ഥാപനങ്ങളുടെയും, പനോരമ ലിറ്ററേറിയ എന്ന അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണത്തിന്റെയും എഡിറ്ററാണ്. സാഹിത്യ വിദ്യാഭ്യാസ മേഖലകളിൽ അനേകം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

പ്രഥമ കവിതാസമാഹാരമായ ദ വോയേജ് റ്റു എറ്റെണിറ്റി (അനശ്വരതയിലേക്കുള്ള പ്രയാണം) എന്ന പുസ്തകത്തിന് ഡോ. എം.ജി ഗാന്ധി അന്താരാഷ്ട്ര കവിതാ പുരസ്‌കാരം ലഭിച്ചു. ദൽഹിയിൽ വച്ച് നടന്ന അന്താരാഷ്ട്ര കവി സമ്മേളനത്തിൽ വച്ച് ചീഫ് ജസ്റ്റീസ് ഡി.എസ് തിവേതിയയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ഇംഗ്ലീഷ് സാഹിത്യത്തിലെ നിഗൂഡാത്മക കവിതാ വിഭാഗത്തിലാണ് പുരസ്‌കാരം. കബീർദാസും തുളസിദാസും ഭക്ത മീരയും ഉൾപ്പെടുന്ന പുരാതന കവികളുടെ ആദ്ധ്യാത്മിക യോഗ ദർശനത്തിന്റെയും ആധുനിക സാഹിത്യത്തിൽ ശ്രീ ടാഗോർ പ്രതിനിധാനം ചെയ്യുന്ന നിഗൂഡാത്മക സാഹിത്യത്തിന്റെയും അപൂർവ്വ മിശ്രണമാണ് പ്രീത് നമ്പ്യാരുടെ കവിതകളെന്ന് ജൂറി അഭിപ്രായപ്പെട്ടത്.

പ്രീത് നന്പ്യാർ എന്ന് ലോകമറിയുന്ന എഴുത്തുകാരനും ഒട്ടേറെ അവസ്ഥാന്തരങ്ങളിലൂടെയാണ് കടന്നു പോയിരിക്കുന്നത്. പുരാതമായ ഒരു കുടുംബത്തിൽ സൈനികനായ കെ.പത്മനാഭൻ നന്പ്യാരുടെയും സരസ്വതി അമ്മയുടെയും ഏക മകനായി ജനനം. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തിൽ തുടങ്ങിയ മറുനാടൻ ജീവിതം. ഒടുവിൽ പയ്യന്നൂരിലെ വെള്ളൂരിലെ വിശാലമായ വീട്ടിലെ ഏകാന്തവാസം. മുത്തശ്ശിയും അമ്മയും പ്രാരാബ്ദങ്ങളുമായി മല്ലിടുമ്പോൾ പറമ്പിലെ പടർന്നു പന്തലിച്ച മാവിന്റെ ശിഖരങ്ങളിൽ ചാഞ്ഞു കിടന്ന് ആകാശത്തേക്ക് നോക്കി. അവിടെ തന്റെ ചിന്തകളെപ്പോലെ അനാഥരായി അലയുന്ന മേഘങ്ങളുണ്ടായിരുന്നു, സ്വപ്നങ്ങളെപ്പോലെ ആകാശത്തിന്റെ അതിരുകളിലേക്ക് പറന്നകലുന്ന പറവകളുണ്ടായിരുന്നു – ഒരു പക്ഷെ കുഞ്ഞു മനസ്സിൽ കവിതയുടെ ഉറവ് പൊട്ടുന്നത് അവിടെ വച്ചായിരുന്നു.

കവിതയെന്നോ, കഥയെന്നോ ഒന്നും തിരിച്ചറിയുവാനുള്ള പ്രായമായിരുന്നുന്നില്ല. ആരും അതൊട്ട് ശ്രദ്ധിച്ചതുമില്ല. തൊട്ടടുത്തെ വെള്ളൂർ ഗവൺമെന്റ് ഹൈസ്കൂളിലേക്കുള്ള യാത്രകൾ പ്രിയപ്പെട്ടതായിരുന്നു, സ്കൂളിൽ ഉച്ചനേരത്ത് വരിയായി നിന്ന് ചൂടുള്ള കഞ്ഞിയും ചെറുപയ​ർ പുഴുക്കും വാങ്ങുന്നതാകും രാവിലെ മുതൽ ചിന്ത. പലപ്പോഴും ആരുമറിയാതെ തനിക്കെന്ന വ്യാജേന ​​​ഭക്ഷണവും വാങ്ങി വീട്ടിലേക്കോടി- പറമ്പിലെ പച്ചിലകളും കപ്പളങ്ങയും വേവിച്ച് മുളക് വാട്ടിച്ചേർത്ത് ഉച്ചഭക്ഷണമാസ്വദിക്കുന്ന മുത്തശ്ശിയുടെ അടുത്തേക്ക്. അതേ മുത്തശ്ശി തന്നെയാണ് കഥകളിലൂടെ ആ ബാലന്റെ മനസ്സിനെ സ്വപ്നം കാണാൻ പഠിപ്പിച്ചത്. ​പട്ടിണിയിലും അതിരുകളില്ലാത്ത ലോകത്തേക്ക് പറന്നുയരാൻ സ്വപ്നത്തിന്റെ ചിറകുകൾ. ഏക കൂടപ്പിറപ്പായ അനുജത്തിയും ഗായികയുമായ സുരേഖ കാഞ്ഞങ്ങാട്ടെ കാരണവന്മാരുടെ സംരക്ഷണത്തിലായിരുന്നു.

തറവാട് പൊളിച്ച് കുടുംബാംഗങ്ങൾ തറക്കല്ലുവരെ ഭാഗം വച്ചപ്പോൾ, ആ ബാല്യം കാഞ്ഞങ്ങാട്ടെ മാതൃഗൃഹത്തിലെത്തി. ഒട്ടേറെ സാംസ്കാരിക നായകർക്ക് പിറവിയേകിയ വെള്ളിക്കൊത്ത് എന്ന ഗ്രാമം കവിക്കും ആതിഥ്യമേകി. മഹാകവി പി സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം, കാസറഗോഡ് ഗവൺമെന്റ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യ പഠനം, ഒടുവിൽ മംഗലാപുരം സെന്റ്‌ അലോഷ്യസ് കോളേജിൽ വിവര സാങ്കേതിക വിദ്യയിലെത്തി നിന്ന വിദ്യാഭ്യാസം. പക്ഷെ എന്നോ മനസ്സിൽ താലോളിച്ച സ്വപ്നങ്ങളെ തേടി ചിക്കമഗളൂരിലെ ലക്ഷ്മീ നാരായണ റാവു ആയുർവേദ കോളേജിലെത്തുകയായിരുന്നു നിയോഗം.

മരുന്നിന്റെ മണമുള്ള ഇടനാഴികളും അവിടെ ഊഴം കാത്തിരിക്കുന്ന രോഗികളും​ അവരുടെ യാതനകളും നൊമ്പരമായി മാറിയപ്പോൾ, മഞ്ഞു പെയ്യുന്ന തേയിലത്തോട്ടങ്ങളും, സുഗന്ധം പരത്തുന്ന കാപ്പിത്തോട്ടങ്ങളും പക്ഷെ പ്രീതിനു വേണ്ടി കരുതിയിരുന്നത് മറ്റൊന്നായിരുന്നു.​ ​ പഠനത്തിന്റെ ഭാഗമായി തൊട്ടടുത്ത ചരിത്ര പ്രസിദ്ധമായ ശൃംഗേരിയിൽ​, ശങ്കരാചാര്യരുടെ പാദസ്പർശം കൊണ്ട് പരിപാവനമായ മണ്ണിൽ സംസ്കൃതാഭ്യസനത്തിന് എത്തിയ അദ്ദേഹം കണ്ടത് അദ്വൈതവേദാന്തത്തിലെ അഗ്രഗണ്യനും ശൃംഗേരി സംസ്കൃത കോളേജ് പ്രിൻസിപ്പലുമായ ഡോ. ഗിരിധര ശാസ്ത്രികളെ. ഒപ്പം മഠത്തിലെ സന്ന്യാസിവര്യനായ സ്വാമി നിത്യാനന്ദ ഭാരതിയുടെ സാന്നിധ്യവും ഒരു തിരിച്ചറിവിലേക്ക് അദ്ദേഹത്തെ നയിക്കുകയായിരുന്നു.

​പ്രഭാതങ്ങളിൽ തുംഗാ നദിയുടെ കുളിരിൽ ജല സ്നാനം, ഋഷി പ്രോക്തങ്ങളായ ഋഗ്വേദത്തിൽ മന്ത്ര സ്നാനം, ജീവിതത്തിന്റെ ക്ഷണികതയെ കാട്ടുന്ന ചാരത്തിൽ ഭസ്മസ്നാനം. ചിന്തകൾ അനേകമല്ലാത്ത ബ്രഹ്മ സത്യത്തിൽ മുഴുകി, ഒപ്പം ഇക്കാണുന്നതൊക്കെയും ആ ഏക സത്യത്തിന്റെ പ്രതിഫലനമാണെന്ന തിരിച്ചറിവും! ജീവിത വീക്ഷണങ്ങൾ മാറി​യപ്പോൾ ഉള്ളിൽ ജനിച്ചത് പ്രേമമാണ് – സകലചരാചരങ്ങളോടുമുള്ള നിഷ്കളങ്കമായ വിശിഷ്ടമായ സ്നേഹം. ഉപനയനത്തിലൂടെ ഒരു വ്യക്തി പുനർജാതനാവുകയാണെന്ന ശാസ്ത്രം സത്യമായി. ​ ​

famous poet preeth nambiar having ceremonial bath in the river

ശൃംഗേരിയിലെ അവസാന നാളുകൾക്കൊടുവിൽ ഒരു പ്രഭാതത്തിൽ തുംഗാ നദിയിൽ മുങ്ങിനിവർന്നപ്പോൾ നിത്യാനന്ദ ഭാരതി പറഞ്ഞു – ‘ഇനി യാത്രയാവാം. വഴിയെക്കുറിച്ച് ചിന്തിക്കേണ്ട, മുന്നിലേക്കുള്ള പ്രയാണത്തിൽ അത് തെളിഞ്ഞു വരും. മനസ്സിനെ തെളിമയുള്ളതായി സൂക്ഷിക്കുക, അന്തരാത്മാവിന്റെ സ്വരം ശ്രവിക്കുക, അതിനെ പിന്തുടരുക – അത്ര മാത്രം.’ ആ വാക്കുകൾ ശിരസാവഹിച്ച് യാത്ര തുടർന്നു. വേദാന്തസത്യമറിഞ്ഞവന് കാഷായമെന്തിന്? അറിയേണ്ടത് ഇത് മാത്രം, താനാര്, ഇവിടെ എന്തിന്? ഇത് കണ്ടെത്തിക്കഴിഞ്ഞാൽ സത്യാന്വേഷിയുടെ യാത്ര അവിടെ സമാപിക്കും. പക്ഷെ അതൊരു പുതിയൊരു തുടക്കവുമാകും.

​അവധൂതന്റെ യാത്രകൾ! ​തന്റെ വീക്ഷണങ്ങളുമായി അധ്യാപനത്തിലേക്ക് തിരിഞ്ഞ പ്രീത് സ്വർഗ്ഗ തുല്യമായ മാലിദ്വീപിലായിരുന്നു എത്തിച്ചേർന്നത്. അതും ​ലോകത്തിലെ ഒന്നാം നിര സര്വകലാശാലയായ ​കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഇ.എസ്.എൽ കരിക്കുലത്തിന്റെ ഫാക്കൽറ്റിയായി. പടവുകൾ ചവിട്ടി ഒടുവിൽ അദ്ധ്യാപകസമൂഹത്തിന്റെ തന്നെ ആധ്യാപകനായിത്തീരുമ്പോൾ ഇന്ത്യയെന്ന വിശാലമായ രാജ്യത്തിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിൽ, സംസ്ഥാനത്തിന്റെ ഒരുപക്ഷെ പിന്നോക്കമെന്ന് അറിയപ്പെടുന്ന കാസറഗോഡ് ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നുള്ള ഒരു സാധാരണക്കാരൻ, മനുഷ്യബുദ്ധിക്ക് ഏതു പരിമിതികളെയും പ്രതി സന്ധികളെയും തരണം ചെയ്ത് മുന്നേറാൻ സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു. ​അതല്ലെങ്കിൽ ലോകത്തിലേതു തന്നെ മുൻ നിരയിലുള്ള ഒരു വിദേശ സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി മലയാളം മാതൃഭാഷയായി പഠിച്ച ഒരാൾക്ക് ഉയരാൻ സാധിക്കില്ലല്ലോ!

അതിനിടെ അമേരിക്കയിലെ വിശ്വ വിഖ്യാതമായ യൂണിവേഴ്സിറ്റി ഓഫ് മേരി ലാൻഡിൽ ഇംഗ്ലീഷ് ഭാഷാധ്യാപനം: ഒരു നിരൂപണാത്മക സമീപനം’ എന്ന വിഷയത്തിൽ പഠനം നടത്തുവാനുള്ള അമേരിക്കൻ എംബസിയുടെ സ്കോളർഷിപ്പ്, കേംബ്രിഡ്ജ് സർവകലാശാലയിലെ പരിശീലനങ്ങൾ എന്നിവ ആ അധ്യാപകനെ ഏറ്റവും മികച്ച അധ്യാപകന്മാരിലൊരാളാക്കി മാറ്റുകയായിരുന്നു. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങൾ കടന്നു വന്ന ഒരാൾക്ക് മറ്റുള്ളവരെ കൂടുതൽ തൊട്ടറിയുവാൻ സാധിക്കും. അഗതിയെന്ന് മുദ്രകുത്തപ്പെട്ട് ബാല്യത്തിൽ സ്വന്തം കുടുംബത്തിൽ പോലും താൻ അനുഭവിക്കേണ്ടി വന്ന മാനസികമായ പ്രശ്നങ്ങൾ, ഒറ്റപ്പെടലുകൾ, വിദ്യാർത്ഥികളുടെ മനസ്സറിഞ്ഞ് പഠിപ്പിക്കുവാനാണ് സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു. ഒപ്പം ആ സാഹചര്യങ്ങൾക്ക് അദ്ദേഹം നന്ദി പറയുന്നു.

ജർമനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സെന്റർ ഫോർ യൂത്ത് എക്സ്ചെഞ്ചിൽ ​ ഭാരതീയ തത്വചിന്തയിൽ ​​പ്രീത് നമ്പ്യാർ നടത്തിയ പ്രഭാഷണങ്ങൾ ജാതി മത ചിന്തകൾക്കതീതമായ ഇന്ത്യയുടെ മഹത്തായ സംസ്കാരത്തെ ലോകജനതയ്ക്ക് മുന്നിൽ തുറന്നു കാട്ടി.​ ആകാശവാണിയിലും പ്രഭാഷണങ്ങളവതരിപ്പിച്ചിട്ടുണ്ട്.

ദ്വീപുകളിൽ നിന്ന് ദ്വീപുകളിലേക്കുള്ള യാത്രകൾ! പ്രശാന്തതയുടെ യഥാർത്ഥ വാക്യാർത്ഥം വെളിവാക്കിയ മാലിദ്വീപ സമൂഹങ്ങളിലെ ജീവിതം കവിതകൾക്ക് പുതിയ ​അർത്ഥം നൽകി​യിരുന്നു​. പ്രകൃതിയുടെ വർണങ്ങളിൽ മുക്കി ജീവിതാനുഭവങ്ങളിൽ ചാലിച്ച ​തീക്ഷ്ണമായ ​ആ വരികൾ പതിയെ അന്താരാഷ്‌ട്ര സമൂഹം കവിതകൾ വായിച്ചു തുടങ്ങുകയായിരുന്നു. കവിതകൾ ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയപ്പോൾ ലണ്ടനിലെ സെലസ്റ്റിയൽ റേഡിയോ പ്രീതിന്റെ കവിതകളെ കുറിച്ച് മണിക്കൂറുകൾ നീണ്ട പരിപാടികൾ തന്നെ അവതരിപ്പിച്ചു.

ഒടുവിൽ 2013 ലാണ് ആദ്യകവിതാ സമാഹാരമായ ദ വോയേജ് റ്റു എറ്റെണിറ്റി (അനശ്വരതയിലേക്കുള്ള പ്രയാണം) എന്ന പുസ്തകം ദൽഹിയിലെ ദ പോയട്രി സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്നത്, ഒപ്പം വിഖ്യാതമായ ആ സ്ഥാപനത്തിന്റെ മുഖ്യപത്രാധിപ സ്ഥാനവും നൽകി ആദരിച്ചു. ആദ്യസമാഹാരത്തിന് തന്നെ ഡോ. എം.ജി ഗാന്ധി അന്താരാഷ്ട്ര കവിതാ പുരസ്‌കാരം ലഭിച്ചു. തുടർന്ന് ഗ്ലോബൽ ഫ്രാറ്റെണിറ്റി ഓഫ് പോയറ്റ്‌സ് രണ്ടാമത്തെ കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചതോടെ ഇംഗ്ലീഷ് സാഹിത്യത്തിൽ അദ്ദേഹം ചിരപ്രതിഷ്ഠ നേടുകയായിരുന്നു. അതിനിടെ ഒട്ടേറെ പുസ്തകങ്ങളുടെ എഡിറ്ററായും പ്രീത് പ്രവർത്തിച്ചിട്ടുണ്ട്, ഒപ്പം സാഹിത്യ വിദ്യാഭ്യാസ മേഖലകളിൽ അനേകം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും. ഏറ്റവുമൊടുവിലാണ് അദ്ദേഹത്തെ ഇറ്റലി ആസ്ഥാനമായ ആഗോള കവി സംഘടനയായ വേൾഡ് യൂണിയൻ ഓഫ് പോയറ്റ്സിന്റെ ഡയരക്ടറായി നിയമിക്കുന്നത്. ഒരു പക്ഷെ എതൊരിന്ത്യക്കാരനും അഭിമാനം തോന്നുന്ന ഒരു മുഹൂർത്തം.

ഔദ്യോഗിക അലങ്കാരങ്ങൾ അഴിച്ച് വച്ച് ഇന്ത്യയിൽ തിരിച്ചെത്തുന്പോൾ ഒപ്പം അധ്യാപികയായ സഹധർമ്മിണി​ സുചിത്രയും ഒപ്പം ​ഏഴു വയസ്സുകാരി ആദിതിയുമുണ്ട്. ‘​യാത്രകളിൽ എന്നും നിറഞ്ഞു നിന്നത് ജന്മനാടായിരുന്നു. യാത്രകൾക്ക് വിരാമം വേണം, തന്റേതായ ഒരിടത്തിരുന്ന് സമൂഹ നന്മയ്ക്കൊതുകുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനാകണം. ഉപജീവനത്തിനായി ഒരു തൊഴിലും ലാളിത്യവും, സ്നേഹം വാരിച്ചോരിഞ്ഞു നൽകാനുള്ള ഒരു മനസുമുണ്ടെങ്കിൽ സ്വർഗം ഇവിടെത്തന്നെയാണെന്ന് അദ്ദേഹം പറയുന്നു. ​മുഴുവൻ സമയവും എഴുത്തിനായി നീക്കി വയ്ക്കുന്പോൾ ‘പേയ്ജസ് ഫ്രം മൈ ഡയറി’, ‘ലെറ്റേഴ്സ്‌ റ്റു മൈ ഡോട്ടർ’ എന്നീ കൃതികളുടേയും പണിപ്പുരയിലാണ് അദ്ദേഹം.​ ഒപ്പം ഒട്ടേറെ എഴുത്തുകാർക്ക് മികവിലേക്ക് വഴി കാട്ടുകയും.

നമ്മളെ, നമ്മുടെ ചുറ്റിലുമുള്ളവരെ, നമ്മുടെ പ്രകൃതിയെ സ്നേഹിക്കാൻ പ്രീത് നമ്പ്യാർ ഒരു സംഘടനയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഓരോ വീട്ടിലും സ്ഥലത്ത് തന്നെ ഭൂഗർഭ മഴവെള്ള സംഭരണികൾ സ്ഥാപിക്കുക, ഓരോ കുടുംബങ്ങൾക്കും ലഭ്യമായ ഇടത്ത് നിശ്ചിത ശതമാനം ഭൂമി വൃക്ഷ ലതാദികൾക്ക് മാത്രം വേണ്ടി മാത്രം നീക്കി വയ്ക്കുക, മാലിന്യ സംസ്കരണം വ്യക്തിപരമായി നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളുമായി പ്രീത് നമ്പ്യാർ രൂപം നൽകിയ ഈ അന്താരാഷ്‌ട്ര പരിസ്ഥിതി സംഘടന ഇതിനകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇതിനായി ഓരോ നാണയവും ശേഖരിച്ചു കൂട്ടുകയാണ് അദ്ദേഹം. ഒപ്പം മണ്ണു കൊണ്ട് പണിയുന്ന തന്റെ കൊച്ചു വീടിനായി ഒരു കുരുവിയെയെന്ന പോലെ സ്വരൂക്കൂട്ടുകയും.

​”​ഒരു കുഞ്ഞു ബീജത്തിൽ നിന്ന് ജനനം, ഇലകളായി, പൂക്കളായി, കായ്കനികളായി ആ ജീവൻ വിടർന്നടരുന്നു, മണ്ണിന്റെ ഹൃദയത്തിലേക്ക് വീണ്ടുമലിഞ്ഞ് പുഴുവായോ, മറ്റൊരു ചെടിക്ക് വളമായോ, മധുരമുള്ള പഴങ്ങളായി മറ്റൊരു ജീവനായോ പരിണാമം…ആ പരിണാമം തുടർന്നുകൊണ്ടേയിരിക്കുന്നു, അത് പ്രപഞ്ചമുള്ളിടത്തോളം കാലം തുടർന്നുകൊണ്ടേയിരിക്കും. ആ പരിണാമത്തിൽ ജീവന് കൂടൊരുക്കാൻ ഒരു കുഞ്ഞു ശരീരം – അതിനപ്പുറം എന്താണ് നമ്മുടെ ജീവിതം? ജനനത്തിനും മരണത്തിനുമിടയിലെ ഈ അൽപനേരം നമുക്ക് സാർത്ഥകമാക്കാനായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു! എമിലി ഡിക്കിൻസണ്‍ എഴുതിയത് പോലെ “ഒരു ഹൃദയത്തെയെങ്കിലും തകർച്ചയിൽ നിന്ന് എനിക്ക് രക്ഷിക്കാൻ സാധിച്ചെങ്കിൽ, ഒരു കുഞ്ഞു ജീവനെയെങ്കിലും തഴുകി ആശ്വസിപ്പിക്കാൻ സാധിച്ചെങ്കിൽ, തളർന്നു വീണ ഒരു കിളിയെ അതിന്റെ കൂട്ടിൽ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധിച്ചെങ്കിൽ – അതുമതി, ജീവിതം സാർത്ഥകമാകാൻ!​”​

​പ്രീത് നമ്പ്യാർ പറഞ്ഞവസാനിപ്പിക്കുമ്പോൾ ​പുതിയ തലമുറയോടും അദ്ദേഹത്തിന് പ്രാർഥനയേ ഉള്ളൂ.

സ്‌കാനിയ ബെദിര
ഷാർജ, യു.എ.ഇ

Biography of Preeth Nambiar by Scania Bedira published in Utharadesham Daily, Kerala in October, 2016http://www.utharadesam.com/article_details&article_id=126

Wikipedia: Preeth Nambiar

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: